Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Samuel 13
13 / 31
1
ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
2
ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
3
പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
4
ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യൎക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.
5
എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
6
എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
7
എബ്രായർ യോൎദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
8
ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
9
അപ്പോൾ ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.
10
ഹോമയാഗം കഴിച്ചു തീൎന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൌൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
11
നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
12
ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈൎയ്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
13
ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
14
ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
15
പിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.
16
ശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാൎത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
17
ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവൎച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;
18
മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
19
എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീൎപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
20
യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
21
എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂൎപ്പിപ്പാനും അവൎക്കു അരം ഉണ്ടായിരുന്നു.
22
ആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
23
ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books